സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ വിഭാവനം ചെയ്യുന്നതിനും നടപ്പാക്കാനും കൈകാര്യം ചെയ്യാനും ശക്തമായ ഐടി ടീം വകുപ്പിനുള്ളില്‍ തന്നെ കെട്ടിപ്പടുക്കുക എന്നതാണ് ‘വെര്‍ച്വല്‍ ഐടി കേഡര്‍’ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.

ഇ-ഗവേണന്‍സ്, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി പ്രോജക്ട് മാനേജുമെന്റ് എന്നീ മേഖലകളില്‍ വിദഗ്ധരായ ജീവനക്കാരുടെ അഭാവം കാരണം വിവിധ വകുപ്പുകളില്‍ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതില്‍ ബാഹ്യ ഏജന്‍സികളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ബാഹ്യ ഏജന്‍സികള്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ദ്ധ്യം ഇല്ലാത്തതിനാല്‍, പദ്ധതി സംരംഭങ്ങള്‍ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുന്നു. ഇ-ഗവേണന്‍സ് പ്രോജക്റ്റ് നടപ്പിലാക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുന്നതിന്, വകുപ്പുകള്‍ക്കുള്ളില്‍ ശക്തമായ ഐടി ടീം ആവശ്യമാണ്.

ഓരോ വകുപ്പുകളിലെ വിദഗ്ധരും യോഗ്യതയുള്ളവരുമായ ജീവനക്കാരില്‍ നിന്നും ആഭ്യന്തര തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നവരെ ആ വകുപ്പിന്റെ ‘വെര്‍ച്വല്‍ ഐടി കേഡര്‍’ ആയി വിന്യസിക്കുന്നു. ഈ വെര്‍ച്വല്‍ ഐടി കേഡര്‍ ടീം വകുപ്പിലെ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ ഏകോകിപ്പിക്കുകയും, നേതൃത്വം നല്കുകയും ചെയ്യുന്നു. വിവര സാങ്കേതികവിദ്യാ വകുപ്പ്, കേരള സ്റ്റേറ്റ് ഐടി മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് വിവിധ ഇ-ഗവേണന്‍സ് പ്രൊജെക്ടുകള്‍ പ്രസ്തുത ടീം നടപ്പിലാക്കുന്നത്.

വിവിധ വകുപ്പുകളില്‍ നിന്നും കണ്ടെത്തുന്ന 30 ഓളം ട്രെയിനികളുടെ ഒരു ബാച്ചിന് 10 ദിവസത്തെ റെസിഡന്‍ഷ്യല്‍ ഇന്‍ഡക്ഷന്‍ പരിശീലനം കേരളാ ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നല്‍കുന്നു. പ്രഗത്ഭരായ വ്യക്തികള്‍ ഇ-ഗവേണന്‍സിനെക്കുറിച്ചുള്ള വ്യത്യസ്ത സെഷനുകളില്‍ ക്ലാസുകള്‍ എടുക്കുന്നു. പ്രചോദനാത്മകവും പ്രബോധനാത്മകവുമായ സെഷനുകളും വ്യവസായ സന്ദര്‍ശനങ്ങളും പരിശീലനത്തിന്റെ ഭാഗമായി ഉണ്ട്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇ-ഗവേണന്‍സ് പ്രോജക്റ്റ് നടപ്പില്‍ വരുത്താന്‍ ആവശ്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഓരോ കേഡറിനും നല്‍കുന്നു. എല്ലാ സാങ്കേതിക കാര്യങ്ങളിലും ‘വെര്‍ച്വല്‍ ഐടി കേഡര്‍’ വിവര സാങ്കേതിക വിദ്യാ വകുപ്പ് അല്ലെങ്കില്‍ കേരള സ്റ്റേറ്റ് ഐടി മിഷനുമായി ആശയവിനിമയം നടത്തുകയും രണ്ട് ഏജന്‍സികളുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു. പരിശീലനത്തിനുശേഷം, ‘വെര്‍ച്വല്‍ ഐടി കേഡര്‍’ അംഗങ്ങള്‍ അതത് വകുപ്പുകളില്‍ അവരുടെ സാധാരണ ജോലി തുടരുന്നതോടൊപ്പം ഇവരുടെ സേവനം ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനും വിനിയോഗിക്കുന്നു, അങ്ങനെ ഒരു അധിക ഓഫീസും ഇല്ലാതെ തന്നെ ഒരു പ്രത്യേക കേഡറായി ‘വെര്‍ച്വല്‍ ഐടി കേഡര്‍’ പ്രവര്‍ത്തിക്കുന്നു.